ആമുഖം

ഖുർആന്‍ വ്യാഖ്യാതാക്കള്‍: മുന്‍ഗാമികള്‍
വിശുദ്ധ ഖുർആന്‍റെ ഒന്നാമത്തെ വ്യാഖ്യാതാവും, ഏറ്റവും വലിയ വ്യാഖ്യാതാവും- അതെ, അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാതാവ്- നബി തിരുമേനി (ﷺ) യാണെന്നും, തിരുമേനിയില്‍ നിന്ന് സ്വഹാബികള്‍ ഖുർആന്‍റെ വ്യാഖ്യാനം മുഖാമുഖമായി കേട്ടുപഠിച്ചും, ചോദിച്ചറിഞ്ഞും കൊണ്ടിരുന്നുവെന്നും നാം കണ്ടുവല്ലോ. തിരുമേനിയുടെ കാലശേഷം, അവര്‍ അന്യോന്യം അന്വേഷിച്ചും, ചര്‍ച്ച നടത്തിയും ഖുർആന്‍ വിജ്ഞാനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുക പതിവായിരുന്നു. ഓരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ ബുദ്ധിശക്തി, അന്വേഷണ സൗകര്യം, ജ്ഞാനഭാഗ്യം ആദിയായവയുടെ തോതനുസരിച്ച് വ്യക്തികള്‍ക്കിടയില്‍ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്ന് മാത്രം. അങ്ങനെ, സ്വഹാബികളുടെ കൂട്ടത്തില്‍, ഖുർആന്‍ വ്യാഖ്യാന വിജ്ഞാനത്തില്‍ കൂടുതല്‍ പ്രാമുഖ്യം നേടിയിരുന്നവര്‍ വിശിഷ്യാ പത്തുപേരായിരുന്നു. ‘ഖുലഫാഉര്‍ റാശിദീന്‍’ എന്നറിയപ്പെടുന്ന ആദ്യത്തെ ഖലീഫഃമാരായ അബൂബക്ര്‍ (رضي الله عنه), ഉമര്‍ (رضي الله عنه), ഉഥ്മാന്‍ (رضي الله عنه), അലി (رضي الله عنه) എന്നിവരും താഴെ കാണുന്ന ആറുപേരുമാണത്. അന്തരിച്ച ഹിജ്‌റാ വര്‍ഷമാണ് ബ്രാക്കറ്റില്‍. 1. അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് (رضي الله عنه) (32) 2. അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ് (رضي الله عنه) (86) 3. ഉബയ്യുബ്‌നുകഅ്ബ് (رضي الله عنه) (20) 4. സൈദുബ്‌നുഥാബിത്ത് (رضي الله عنه) (45) 5. അബൂമൂസല്‍ അശ്അരി (رضي الله عنه) (44) 6. അബ്ദുല്ലാഹ് ഇബ്‌നു സുബൈര്‍ (رضي الله عنه) (73) ഖുലഫാഉര്‍ റാശിദുകളുടെ കൂട്ടത്തില്‍ അലി (رضي الله عنه) യില്‍ നിന്നാണ് കൂടുതല്‍ തഫ്‌സീറുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിലും കൂടുതലായിട്ടാണ് ഇബ്‌നുമസ്ഊദ്(رضي الله عنه) ല്‍ നിന്നു ലഭിക്കുന്നത്. ഇബ്‌നു അബ്ബാസ് (رضي الله عنه) ആകട്ടെ, ‘തര്‍ജുമാനുല്‍ ഖുർആന്‍ (ഖുർആന്‍റെ പരിഭാഷകന്‍) എന്നും’, ഹിബ്‌റുല്‍ ഉമ്മ ( حبر الامة – സമുദായത്തിലെ പണ്ഡിതന്‍) എന്നുമുള്ള അപരനാമങ്ങളാല്‍ പ്രസിദ്ധി നേടിയ മഹാനും, നബി (ﷺ) യുടെ പ്രത്യേക പ്രാര്‍ത്ഥന ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയുമാണ്. ഇബ്‌നു അബ്ബാസ് (رضي الله عنه) ല്‍ നിന്നു തഫ്‌സീറുകള്‍ നിവേദനം ചെയ്യപ്പെടുന്ന മാര്‍ഗങ്ങള്‍ പ്രധാനമായി നാലെണ്ണെമാകുന്നു. 1) ഹിജ്‌റഃ 143 ല്‍ മരണമടഞ്ഞ അലിയ്യബ്‌നു ത്വല്‍ഹഃ മുഖേന. ഇബ്‌നു അബ്ബാസ് (رضي الله عنه) ല്‍ നിന്നും ഇദ്ദേഹം വഴി രിവായത്തു ചെയ്യപ്പെടുന്ന തഫ്‌സീറുകളാണ് ഇമാം ബുഖാരി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. 2) ഹിജ്‌റഃ 120 ല്‍ മരണപ്പെട്ട ക്വൈവസുബ്‌നു മുസ്‌ലിം മുഖേന. 3) പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഇസ്ഹാക്വ് മുഖേന. 4) ഹിജ്‌റഃ 146 ല്‍ മരണപ്പെട്ട ‘കല്‍ബി’ എന്ന മുഹമ്മദ് ബ്‌നു സാഇബ് മുഖേന. ഈ നാലാമത്തെ മാര്‍ഗമാണ് ഇവയില്‍ വെച്ചു ബലഹീനമായത്. ഇതുപോലെത്തന്നെ ‘സുദ്ദിസ്വഗീര്‍’ (ചെറിയ സുദ്ദി) എന്നറിയപ്പെടുന്ന മുഹമ്മദുബ്‌നു മര്‍വാന്‍റെ മാര്‍ഗവും വളരെ ബലഹീനമായതാകുന്നു. ഇബ്‌നു അബ്ബാസ് (رضي الله عنه) ല്‍ നിന്നു വിവിധ മാര്‍ഗങ്ങളില്‍ കൂടി ലഭിച്ച തഫ്‌സീറുകളെ ശേഖരിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് ‘ഇബ്‌നു അബ്ബാസിന്‍റെ തഫ്‌സീര്‍’ تفسير ابن عباس എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥം. പ്രസിദ്ധ അറബി നിഘണ്ടുവായ ക്വാമൂസി ( القاموس )ന്‍റെ കര്‍ത്താവ് ഫൈറൂസാബാദിയാണ് ഇതിന്‍റെ കര്‍ത്താവ്. നബി (ﷺ) യുടെ കാലത്ത് തന്നെ ഖുർആന്‍ മനഃപഠമാക്കിയവരില്‍ ഒരാളും, നല്ല ഓത്തുകാരനുമായിരുന്നു ഉബയ്യുബ്‌നു കഅ്ബ് (رضي الله عنه). റമദ്വാന്‍ മാസത്തിലെ രാത്രി നമസ്‌കാരത്തില്‍ ഉമര്‍ (رضي الله عنه) ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തെയായിരുന്നു. നബി (ﷺ) യുടെ എഴുത്തുകാരില്‍പെട്ട ഒരു പ്രധാനിയും, അബൂബക്ര്‍ (رضي الله عنه) ന്‍റെ കാലത്തു ഖുർആന്‍ ശേഖരിച്ച് ‘മുസ്വ്ഹഫാ’ക്കിയ ആളുമാണ് സൈദുബ്‌നു ഥാബിത്ത് (رضي الله عنه) . ഉഥ്മാന്‍ (رضي الله عنه) ന്‍റെ കാലത്തു മുസ്ഹഫിന്‍റെ പകര്‍പ്പുകളെടുത്ത സംഘത്തിന്‍റെ തലവനും അദ്ദേഹം തന്നെ. ഈ സംഘത്തില്‍പ്പെട്ട ഒരു അംഗം തന്നെയായിരുന്നു അബ്ദുല്ലാഹിബ്‌നു സുബൈറും (رضي الله عنه). അബൂമൂസല്‍ അശ്അരീ (رضي الله عنه) ഒരു നല്ല ഓത്തുകാരനായിരുന്നുവെന്നും, നബി (ﷺ) അദ്ദേഹത്തിന്‍റെ ഓത്തു കേള്‍ക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും നാം ഇതിന് മുമ്പ് കണ്ടുവല്ലോ. സ്വഹാബികളില്‍ നിന്നു ഖുർആന്‍ വിജ്ഞാനവും, തഫ്‌സീറും പഠിച്ചറിഞ്ഞ ‘താബിഈ’ പ്രമുഖന്മാരാണ് ഖുർആന്‍ വ്യാഖ്യാതാക്കളുടെ രണ്ടാമത്തെ തലമുറ. ഇവരെ മൂന്നായി ഭാഗിക്കാം: 1) ഇബ്‌നു അബ്ബാസ് (رضي الله عنه) ന്‍റെ ശിഷ്യന്മാരായ മക്കായിലെ പണ്ഡിതന്മാര്‍. 2) ഇബ്‌നുമസ്ഊദ് (رضي الله عنه) ന്‍റെ ശിഷ്യന്മാരായ കൂഫയിലെ പണ്ഡിതന്മാര്‍. 3) സൈദ്ബ്‌നു അസ്‌ലം (رضي الله عنه) ന്‍റെ ശിഷ്യന്മാരായ മദീനായിലെ പണ്ഡിതന്മാര്‍. വളരെ സ്വഹാബികളുമായി ബന്ധം പുലര്‍ത്തുകയും, അവരില്‍ നിന്ന് അറിവ് സമ്പാദിക്കുകയും ചെയ്ത ഒരു പ്രസിദ്ധ താബിഈ പ്രമുഖനായിരുന്നു സൈദ്ബ്‌നു അസ്‌ലം ( زيد بن اسلم رض ) ഇദ്ദേഹത്തിന്‍റെ വിയോഗം ഹിജ്‌റഃ : 136 ലായിരുന്നു. ഇബ്‌നു അബ്ബാസ് (رضي الله عنه) ന്‍റെ പ്രധാന ശിഷ്യന്മാര്‍:- 1. മുജാഹിദ് (103) 2. സഈദുബ്‌നുജുബൈര്‍ (94) 3. ത്വാഊസ് (106) 4. അത്വാഉബിന്‍ അബീറബാഹ് (114) 5. ഇക്‌രിമഃ മൗലാ ഇബ്‌നു അബ്ബാസ് (105) ‘നാലാളുകളില്‍ നിന്ന് നിങ്ങള്‍ തഫ്‌സീര്‍ സ്വീകരിച്ചുകൊള്ളുവീന്‍!’ എന്ന് പറഞ്ഞുകൊണ്ട് മഹാനായ സുഫ്‌യാനുഥൗരി, ഇവരില്‍ ആദ്യത്തെ മൂന്നാളുടെ പേരും (താഴെ പറയുന്ന) ള്വഹ്ഹാക് (رحمه الله) ന്‍റെ പേരും എണ്ണുകയുണ്ടായെന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ക്വത്താദഃ (رحمه الله) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം വന്നിട്ടുണ്ട്: ‘താബിഉകളില്‍ ഏറ്റവും അറിവുള്ളവര്‍ നാലാളാകുന്നു: 1) അത്വാഉ്ഃ ഇദ്ദേഹം ഹജ്ജുകര്‍മങ്ങളെ ( المنا سك ) സംബന്ധിച്ച് കൂടുതല്‍ അറിയുന്നവരാണ്. 2) സഈദുബ്‌നുജുബൈര്‍: ഇദ്ദേഹം തഫ്‌സീര്‍ കൂടുതല്‍ അറിയുന്നവരാണ്. 3) ഇക്‌രിമഃ ഇദ്ദേഹം ചരിത്രം കൂടുതല്‍ അറിയുന്നവരാണ്. 4) ഹസന്‍ ബസ്വരീ: ഇദ്ദേഹം ‘ഹലാലും ഹറാമും’ (മതനിയമങ്ങള്‍) കൂടുതല്‍ അറിയുന്നവരാണ്. മുജാഹിദ്(رحمه الله) നെക്കുറിച്ചു ഇതിന്നു മുമ്പു നാം പരിചയെ പ്പടുത്തുകയുണ്ടായിട്ടുണ്ട്. ഇമാം ശാഫിഈ (رحمه الله), ബുഖാരീ (رحمه الله) മുതലായവര്‍ തഫ്‌സീറില്‍ അദ്ദേഹത്തെ അവലംബമാക്കാറുെന്നതു പ്രസ്താവ്യമാണ്. ഇബ്‌നു മസ്ഊദ് (رضي الله عنه) ന്‍റെ ശിഷ്യന്മാര്‍:- 1. അല്‍ക്വമ (102) 2. അസ്‌വദുബ്‌നുയസീദ് (75) 3. ഇബ്‌റാഹീം നക്വ്ഈ (95) 4. ശഅ്ബീ (105) സൈദുബ്‌നു അസ്‌ലം (رضي الله عنه) ന്‍റെ ശിഷ്യന്മാര്‍:- 1. അബ്ദുറഹ്മാന്‍ ബിന്‍സൈദ് (182) 2. ‘ഇമാം’ മാലിക് (179) 3. ഹസ്വന്‍ബസരീ (121) 4. അത്വാഉ് (135) 5. മുഹമ്മദുബ്‌നു കഅ്ബ് (117) 6. ള്വഹ്ഹാക്ക് (105) 7. അബുല്‍ ആലിയ (90) 8. അത്വിയ്യഃ (111) 9. ക്വത്താദഃ (117) 10. റബീഉ് (139) 11. സുദ്ദീ കബീര്‍ (ഇസ്മാഈല്‍ ബിന്‍ അബ്ദുറഹ്മാന്‍) (127). പല സ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നും വിജ്ഞാനം ശേഖരിച്ച മറ്റൊരു വിഭാഗം താബീഈ പ്രമുഖന്മാരാണ് 3-ാം തലമുറ:- 1. ഇബ്‌നുഉയയ്‌നഃ എന്ന സുഫ്‌യാന്‍ (198) 2. വകീഉ് (197) 3. ശുഅ്ബഃ (160) 4. ഇസ്ഹാക്വുബ്‌നുറാഹവൈഹി(238) 5. ഇബ്‌നുഅബീശൈബ: മുതലായ പലരും ഈ തലമുറയിലുണ്ട്. നാലാം തലമുറയിലെ പ്രധാനികളില്‍ ചിലര്‍ ഇവരാകുന്നു: 1. ഇബ്‌നുഅബീഹാതിം (327) 2. ഇബ്‌നുമാജഃ (273) 3. ഇബ്‌നുമര്‍ദവൈഹി (410) 4. ഇബ്‌നുഹിബ്ബാന്‍ (354) 5. ഇബ്‌നുല്‍ മുന്‍ദിര്‍ (236) 6. ഇബ്‌നുജരീര്‍ (310) പൗരാണിക ഖുർആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ വളരെ പ്രധാനപെട്ട ഒരു മഹാ ഗ്രന്ഥമാണ് ഇബ്‌നുല്‍ ജരീര്‍ (رحمه الله) ന്‍റെ തഫ്‌സീര്‍. ഇതിനെപറ്റി മുമ്പ് നാം പ്രസ്താവിച്ചുവല്ലോ. ഇമാം സുബ്കീ (رحمه الله) തന്‍റെ ത്വബക്വാത്ത് ( الطبقات السبكى ) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇബ്‌നു ജരീര്‍ തന്‍റെ അനുയായികളോട്’ ഖുർആന് ഒരു വ്യാഖ്യാനം എഴുതുന്നതില്‍ വിരോധമുണ്ടോ?’ എന്ന് ചോദിക്കുകയുണ്ടായി. അവര്‍ ചോദിച്ചു: ‘അതിന്‍റെ വലിപ്പം എത്രവരും!’ അദ്ദേഹം പറഞ്ഞു: ‘മുപ്പതിനായിരം കഷ്ണം’. അവര്‍ പറഞ്ഞു: അത് പൂര്‍ത്തിയാകും മുമ്പായി ആയുഷ്‌ക്കാലം കഴിഞ്ഞു പോയേക്കുമല്ലോ?’ എന്നിട്ട് അദ്ദേഹം മുവ്വായിരത്തോളം കഷ്ണത്തിലായി അത് ചുരുക്കി എഴുതുകയാണ് ചെയ്തത്, എന്നിപ്രകാരം രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു. ആ മഹല്‍ ഗ്രന്ഥത്തിന്‍റെ പേര്‍ جامع البيان فى تفسير القرآن (ഖുർആന്‍ വ്യാഖ്യാനത്തിലുള്ള വിവരണ സമാഹാരം) എന്നാണ്.