2.  അല്‍ ബഖറ-البقرة
ബഖറഃ (പശു) മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40 വിശുദ്ധ ഖുര്‍ആനിലെ ഏറ്റവുംവലിയ സൂറത്താണിത്. ഇതിന്റെ മിക്കഭാഗവും നബി തിരുമേനി (ﷺ) യുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകള്‍ അവസാനകാലങ്ങളില്‍ അവതരിച്ചവയുമാണ്. ഖുര്‍ആന്റെ അവതരണം ആദ്യംതൊട്ടവസാനംവരെ ക്രമരൂപത്തിലോ, ഓരോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദര്‍ഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോള്‍ അവതരിക്കുന്ന ഭാഗങ്ങള്‍ ഇന്നിന്ന സൂറത്തുകളില്‍ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന് നബി (ﷺ) എഴുത്തുകാരോടു കല്‍പിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയില്‍ വിവരിച്ചത് ഓര്‍ക്കുമല്ലോ. മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെയുള്ള തുറകളില്‍, മറ്റുസൂറത്തുകളെ അപേക്ഷിച്ച് ഈ സൂറത്തില്‍ കൂടുതല്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം ചില നബിവചനങ്ങളില്‍ ഈ സൂറത്തിനെപ്പറ്റി سنام القرآن وذروته (ഖുര്‍ആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും. (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത് ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്. അതുപോലെ, പര്‍വ്വതത്തിന്റെ ഭാഗങ്ങളില്‍ ഏറ്റവും ഉയരത്തായി കാഴ്ചയില്‍പെടുന്നത് അതിന്റെ കൊടുമുടിയുമായിരിക്കും. അതുപോലെ, ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളില്‍ സൂറത്തുല്‍ ബഖറ കൂടുതല്‍ മുഴച്ചു നില്‍ക്കുന്നുവെന്ന് സാരം. നബി (ﷺ) യുടെ മക്കാജീവിതകാലത്ത് അവിടെ മുശ്‌രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്. അതുകൊണ്ട് മക്കീ കാലഘട്ടത്തില്‍ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമര്‍ശങ്ങള്‍ തൗഹീദിനെയും ശിര്‍ക്കിനെയും സംബന്ധിച്ചായിരുന്നു. തിരുമേനിയും സ്വഹാബികളും മദീനയില്‍ ചെല്ലുമ്പോഴാകട്ടെ-അവര്‍ അവിടെ എത്തും മുമ്പുതന്നെ-അവിടെയുള്ള അറബികളില്‍ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന് ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ സംജാതമായിട്ടുമുണ്ടായിരുന്നു. ആകയാല്‍, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളില്‍ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെടേണ്ടുന്ന വിധിവിലക്കുകളും ഉപദേശ നിര്‍ദ്ദേശങ്ങളും ആ സന്ദര്‍ഭത്തിന്റെ ആവശ്യമായിരുന്നു. മദീനാ ജീവിതത്തിന്റെ ആരംഭഘട്ടങ്ങളില്‍ അവതരിച്ച ഈ സൂറത്തില്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം. അതേസമയത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഏറ്റവും കടുത്ത ഒരു പുത്തന്‍ ശത്രു സമൂഹത്തെ അവിടെ നേരിടേണ്ടി വന്നിരുന്നു. അതെ, യഹൂദികളെ. ദൈവിക മതത്തിന്റെയും, പ്രവാചക പാരമ്പര്യത്തിന്റെയും കുത്തകാവകാശം വാദിച്ചിരുന്ന അവര്‍, വാസ്തവത്തില്‍ ആ രണ്ടിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചു പോയിട്ടുണ്ടായിരുന്നു. ഇസ്‌ലാമിനെതിരില്‍ യഹൂദികള്‍ സ്വീകരിച്ചുവന്ന വിദ്വേഷവും. വൈരാഗ്യവും പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്. ഈ സൂറത്തില്‍ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാന്‍ കാരണം അതാണ്. കിട്ടുന്ന പഴുതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിനെതിരെ ഗൂഢാലോചനകള്‍ നടത്തുവാന്‍ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ടായിരുന്നു, മുനാഫിക്വുകള്‍ (കപടവിശ്വാസികള്‍). സ്വാര്‍ത്ഥങ്ങളും, താല്‍ക്കാലിക കാര്യലാഭങ്ങളും ഓര്‍ത്തു പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന്റെ വേഷം അണിഞ്ഞിരുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളല്ലായിരുന്നു. ഇവരെക്കുറിച്ചും ഈ സൂറത്തില്‍ പലതും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, മറ്റു സൂറത്തുകളില്‍ കാണപ്പെടാത്ത ചില പരാമര്‍ശങ്ങളും, ഉപമകളും, സംഭവകഥകളും മറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂറത്തുല്‍ ബഖറ (പശുവിന്റെ അദ്ധ്യായം) എന്ന് ഇതിന് പേര് വരുവാന്‍ കാരണം, ഇസ്രാഈല്യരിൽ കഴിഞ്ഞുപോയ ഒരു പശുവിന്റെ സംഭവം ഇതില്‍ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ സൂറത്തിലും വിവരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതില്‍ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മിക്ക സൂറത്തുകളും അറിയെപ്പടുന്നത്. ചുരുക്കം ചിലതിന് പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും. മൊത്തത്തില്‍ പറഞ്ഞാല്‍ സൂറത്തുകള്‍ തിരിച്ചറിയാനുള്ള ഒരു എളുപ്പമാര്‍ഗമെന്ന നിലക്ക് മാത്രമാണ് അവയുടെ പേരുകള്‍. അത്‌കൊണ്ട് ഒരേ സൂറത്തിന് തന്നെ ചിലപ്പോള്‍ ഒന്നിലധികം പേരുണ്ടായെന്നും വരും. വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ഖുര്‍ആന് അതിന്റെതായ പ്രത്യേക രീതികളാണുള്ളത്. ഇതിനെപ്പറ്റിയെല്ലാം മുഖവുരയില്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല. നബി (ﷺ) പറഞ്ഞതായി അബൂഹുറയ്‌റ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നിങ്ങളുടെ വീടുകളെ നിങ്ങള്‍ കബർ സ്ഥാനങ്ങളാക്കരുത്. സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന വീടുകളില്‍ നിശ്ചയമായും പിശാച് പ്രവേശിക്കുകയില്ല’. (അ; മു; തി; ന.) ഖുര്‍ആന്‍ പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകള്‍ മൂകവും ശൂന്യവുമാക്കരുതെന്നാണ് കബറുസ്ഥാനമാക്കരുതെന്ന് പറഞ്ഞതിന്റെ സാരം. ഇത്‌പോലെയുള്ള വേറെയും ഹദീഥുകള്‍ കാണാം. ഒരിക്കല്‍, ഒരു കൂട്ടം ആളുകളെ ഒരു ഭാഗേത്തക്ക് നിയോഗിച്ചയച്ചപ്പേള്‍, അവരില്‍ ഓരോരുത്തര്‍ക്കും ഖുര്‍ആന്‍ പാരായണം ചെയ്യുവാനുള്ള കഴിവ് നബി (ﷺ) പരിശോധിക്കുകയുണ്ടായി. അവരില്‍വെച്ച് ഇളം പ്രായക്കാരനായ ഒരാള്‍ തനിക്ക് ഖുര്‍ആന്റെ ഇന്നിന്ന ഭാഗവും സൂറത്തുല്‍ ബഖറയും അറിയാമെന്ന് പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു ‘തന്റെ കൂടെ സൂറത്തുല്‍ ബഖറ യുണ്ടോ? എന്നാല്‍ പോയിക്കൊള്ളുക. താന്‍ ഇവരുടെ അമീര്‍ (നായകന്‍) ആകുന്നു; (തി; ന; ജ; ഹാ.) നവ്വാസുബ്‌നു സംആന്‍ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. ‘ഖുര്‍ആനും, അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന അതിന്റെ ആള്‍ക്കാരും (ഖിയാമത്ത് നാളില്‍) കൊണ്ടുവരപ്പെടും. സൂറത്തുല്‍ ബഖറയും, ആലുഇംറാനും അവയുടെ ആള്‍ക്കാര്‍ക്ക് വേണ്ടി (അവരെ ന്യായീകരിച്ചു) തര്‍ക്കം നടത്തിക്കൊണ്ട് അവരുടെ മുമ്പില്‍ വരുന്നതാണ്’ എന്ന് നബി (ﷺ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. തിരുമേനി അവക്ക് മൂന്ന് ഉപമകളും വിവരിച്ചിരുന്നു. ഞാനത് ഇത്‌ വരെയും മറന്നിട്ടില്ല. അതായത്, അവ രണ്ടും രണ്ടു മേഘങ്ങളെന്നോണം, അല്ലെങ്കില്‍ കറുത്ത രണ്ടു തണലുകളെന്നോണം, അല്ലെങ്കില്‍ അണിനിരന്ന രണ്ടു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത്. (അ; മു; തി; ബു-താരീഖില്‍.) ഇതുപോലെ, സൂറത്തുല്‍ ബഖറയുടെയും, ‘ആയത്തുല്‍ കുര്‍സീ’ മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകള്‍ വിവരിക്കുന്ന പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട് ചിലതൊക്കെ സന്ദര്‍ഭംപോലെ അതത് സ്ഥാനങ്ങളില്‍ നമുക്ക് പരിചയപ്പെടാം ان شاء لله ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവുമാണ് അതെല്ലാം ചുണ്ടിക്കാട്ടുന്നത്.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ  ﴿١﴾
الم = അലിഫ്-ലാം-മീം
അലിഫ്-ലാം-മീം
ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ  ﴿٢﴾
ذَٰلِكَ = ആ, അത്‌ الْكِتَابُ = ഗ്രന്ഥം, ഗ്രന്ഥമാണ്‌ لارَيْبَ = സന്ദേഹമേ ഇല്ല فِيه = അതില്‍ هُدً ى = മാര്‍ഗ ദര്‍ശനമാണ്‌ لِلْمُتَّقِين = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്.
ആ ഗ്രന്ഥം! അതില്‍ സന്ദേഹമേ ഇല്ല;- (അത്) മാര്‍ഗദര്‍ശനമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ  ﴿٣﴾
الَّذِينَ = യാതൊരു കൂട്ടര്‍ يُؤْمِنُونَ = അവര്‍ വിശ്വസിക്കും بِالْغَيْبِ = അദൃശ്യത്തില്‍ وَيُقِيمُونَ = അവര്‍ നിലനിറുത്തുകയും ചെയ്യും الصَّلاةَ = നമസ്‌കാരം وَمِمَّا = യാതൊന്നില്‍ നിന്ന്‌ رَزَقْنَا = നാം നല്‍കിയിരിക്കുന്നു هُمْ = അവര്‍ക്ക്‌ يُنْفِقُونَ = അവര്‍ ചിലവഴിക്കും
(അതായത്) അദൃശ്യത്തില്‍ വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവര്‍; നാം തങ്ങൾക്കു നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും.
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ  ﴿٤﴾
وَالَّذِينَ = യാതൊരു കൂട്ടരും يُؤْمِنُونَ = അവര്‍ വിശ്വസിക്കും, بِمَاأنُْزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിന്നിലേക്ക്‌ وَمَاأنُْزِلَ = ഇറക്കപ്പെട്ടതിലും مِنْ قَبْلِكَ = നിന്റെ മുമ്പ്‌ وَبِالآخِرَة = പരലോകത്തിലാകട്ടെ هُمْ = അവര്‍ يُوقِنُونَ = ദൃഢമായി വിശ്വസിക്കുന്നു
(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവര്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍]
أُو۟لَـٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ  ﴿٥﴾
أُولَٰئِكَ = അക്കൂട്ടര്‍ عَلَىٰ هُدًى = സന്മാര്‍ഗത്തിലാണ്‌ مِّن رَّبِّهِمْ = തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْمُفْلِحُونَ = വിജയികള്‍
അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അക്കൂട്ടര്‍തന്നെയാണ് വിജയികളും!
തഫ്സീർ - ആയത് : 1 - 5
ഖുർആനിലെ 29 സൂറത്തുകളുടെ ആരംഭത്തില്‍ ഇത്‌പോലെയുള്ള ഏതാനും കേവലാക്ഷരങ്ങള്‍ കാണാവുന്നതാണ്. തുടര്‍ന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അര്‍ത്ഥപരമോ ആയ ബന്ധമില്ലാത്തവയായത്‌ കൊണ്ട് ഇവക്ക് الحروف المقطعة (വേറിട്ടു നില്‍ക്കുന്ന അക്ഷരങ്ങള്‍) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തില്‍ ( ص ، ن പോലെ) ഒരക്ഷരം മാത്രമായും, ചിലതില്‍ ( حم ، طه പോലെ) രണ്ടക്ഷരമായും, ചിലതില്‍ ( الم ، الر പോലെ) മൂന്നക്ഷരമായും, ചിലതില്‍ ( المر ، المص പോലെ) നാലക്ഷരമായും, ചിലതില്‍ ( كهيعص ، حم عسق പോലെ) അഞ്ചക്ഷരമായും – ഇങ്ങിനെ അഞ്ചുതരത്തില്‍-ഇവ വന്നിട്ടുണ്ട്. ഇവയില്‍തന്നെ ഒന്നിലധികം സൂറത്തില്‍ ആവര്‍ത്തിക്കപ്പെട്ടവയും, തീരെ ആവര്‍ത്തിക്കപ്പെടാത്തവയും കാണാം. ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. 1) അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്. അവയില്‍ നാം വിശ്വസിക്കുന്നു. അവയുടെ അര്‍ത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞു കൂടാ, ഇതാണൊരഭിപ്രായം. അബൂബക്കര്‍‍, ഉമര്‍, ഉഥ്മാന്‍, അലി, ഇബ്‌നു മസ്ഊദ് (رضي الله عنه) മുതലായ സ്വഹാബീവര്യന്‍മാരും, ശഅബീ, സുഫ്‌യാനുഥൗരീ (رحمهم الله) പോലെയുള്ള താബിഉകളായ ഹദീഥ് പണ്ഡിതന്‍മാരും ഖുർആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗവും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2) അവയില്‍ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്. അത് നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്. ഇതാണ് മറ്റൊരു വിഭാഗത്തിന്‍റെ നിലപാട്. എന്നാല്‍, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാരഹസ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലോ ഇവര്‍ക്ക് യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്. അവയില്‍ കൂടുതല്‍ പ്രസക്തമായതിന്‍റെ ചുരുക്കം ഇതാകുന്നു:- എല്ലാവര്‍ക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ് ഖുർആനും. എന്നാല്‍, ഇത്‌പോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന് കൊണ്ടു വരുവീന്‍ എന്നിങ്ങനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ് ഈ അക്ഷരങ്ങള്‍. സമഖ്ശരീ, ബൈദ്വാവീ (رحمهم الله) മുതലായ പല ഖുർആന്‍ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ് ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്. ഇമാം മുബര്‍റദൂം (رحمه الله) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരാണെന്നും ഇമാം റാസി (رحمه الله) പ്രസ്താവിച്ചിരിക്കുന്നു. ‘അശ്‌ ശൈഖുല്‍ ഇമാം ഇബ്‌നു തൈമിയ്യയും നമ്മുടെ ഗുരുവര്യന്‍ അല്‍ഹാഫിള്വ് അബുല്‍ ഹജ്ജാജില്‍ മുസ്‌സീ ( الحافظ المزى ) യും ഈ അഭിപ്രായക്കാരാണെന്ന് ‘ ഇബ്‌നു കഥീറും (رحمه الله) പറഞ്ഞിരിക്കുന്നു. അറബി അക്ഷമാലയില്‍ 28 അക്ഷരങ്ങളാണുള്ളത്. അതിന്‍റെ പകുതിഭാഗമായ ا، ل، م، ص، ر، ك، ھ، ي، ع، ط، س، ح، ق، ن എന്നീ 14 അക്ഷരങ്ങളാണ് സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട് അറബി അക്ഷരങ്ങള്‍ പലതരമായി ഭാഗിക്കപ്പെടുന്നു. ഒരോ തരത്തിലും പകുതി വീതം ഈ 14 ല്‍ കാണാവുന്നതാണ്.
* മലയാളത്തില്‍ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ അക്ഷരങ്ങള്‍ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും ( رخوة، شدة، همس، جهر،إطباق، فتح ) എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഖുർആന്‍റെ പാരായണ ശാസ്ത്രമായ ‘ഇല്‍മുത്തജ്‌വീദ് ( عِلْمُ التَّجْوِيدْ ) ന്‍റെ ഗ്രന്ഥങ്ങളില്‍ ഇവയെപ്പറ്റി വിശദവിവരം കാണാം.) ബാക്കി പകുതികള്‍ ഇവയില്‍ നിന്ന് അനുമാനിക്കാമല്ലോ. അതു പോലെത്തന്നെ, അറബിയിലെ പദങ്ങള്‍ പരിശോധിച്ചാല്‍ ഒന്നു മുതല്‍ അഞ്ചുവരെ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കും അവ. കൂടുതല്‍ കാണപ്പെടുന്ന പക്ഷം, അവ അതതിന്‍റെ മൂലധാതുവിലുള്ള സാക്ഷാല്‍ അക്ഷരങ്ങള്‍ക്ക് പുറമെ ഏതെങ്കിലും കാരണത്താല്‍ വര്‍ദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാക്ഷരങ്ങളിലും തന്നെ ഒന്നുമുതല്‍ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും, രൂപവൈവിദ്ധ്യങ്ങളും ഇവയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുന്ന പക്ഷം, അത് വളരെ ദീര്‍ഘിച്ചു പോകുന്നതുകൊണ്ട് ഒരു ഏകദേശ വിവരണം കൊണ്ട് മതിയാക്കുകയാണ്. ചുരുക്കത്തില്‍ ഇങ്ങിനെ എല്ലാവര്‍ക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാല്‍ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചുകൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ-പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും സമൂഹം തന്നെയാണ് ഖുർആനും; എന്നിരിക്കെ, ഇതിന്‍റെ മുഴുവന്‍ ഭാഗത്തോടോ,ഏതാനും ഭാഗത്തോടോ കിടപിടിക്കത്തക്ക ഒരു കൃതി ആര്‍ക്കും സമര്‍പ്പിക്കുവാന്‍ കഴിയാത്തത് അതിന്‍റെ അമാനുഷികതക്ക് സ്പഷ്ടമായ ഒരു തെളിവാകുന്നു. എന്നിങ്ങനെയാണ് ഈ സമീപനത്തിന്‍റെ സാരം. (**) കൂടുതല്‍ വിശദീകരണം അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍, സമഖ്ശരീ, ബൈദ്വാവി (رضي الله عنه) മുതലായ മഹാന്‍മാരുടെ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ നോക്കുക. ഈ അഭിപ്രായത്തിന് പിന്‍ബലം നല്‍കുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ് ഇത്തരം അക്ഷരങ്ങളുള്ളത്. ആ സൂറത്തുകള്‍ പരിശോധിക്കുമ്പോള്‍, ഖുർആന്‍റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങള്‍ അതോടൊപ്പം തുടര്‍ന്ന് കാണാവുന്നതാണ്. ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടര്‍ന്ന് ‘ആഗ്രന്ഥത്തില്‍ ഒട്ടും സന്ദേഹമില്ല’, ( ذَٰلِكَ الْكِتَابُ لارَيْبَ فِيه ) എന്നും, അടുത്ത സൂറത്തില്‍ അതിനെത്തുടര്‍ന്ന് അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവന്‍ ജീവത്തായുള്ളവനും നിയന്താവുമാണ്. അവന്‍ നിനക്ക് യഥാര്‍ത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു’ ( اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ نزل عليك الكتاب بالحق ) എന്നും പറയുന്നു. ഇത്‌പോലെയുള്ള പ്രസ്താവനകള്‍ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്. വേറെയും പല അഭിപ്രായങ്ങള്‍ ഈ അക്ഷരങ്ങളെ സംബന്ധിച്ച് ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങള്‍ എന്നല്ലാതെ അവക്ക് തെളിവുകളുടെ പിന്‍ബലം കാണുന്നില്ല. ഒരു മഹാന്‍ പ്രസ്താവിച്ചതായി ഇബ്‌നു കഥീര്‍ (رحمه الله) ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘ഈ അക്ഷരങ്ങളെ വൃഥാ പ്രയോജനമില്ലാതെ അല്ലാഹു അവതിരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അര്‍ത്ഥമില്ലാതെ തനി ആരാധനാപരമായത് ( تعبدي ) വല്ലതും ഖുർആനില്‍ ഉണ്ടെന്ന് ആരെങ്കിലും പറയുന്ന പക്ഷം അത് വമ്പിച്ച ഒരബദ്ധമാണ്. അപ്പോള്‍, ആ അക്ഷരങ്ങള്‍ക്ക് എന്തോ അര്‍ത്ഥമുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍, പാപ വിമുക്തനായ ആളില്‍ (റസൂലില്‍) നിന്ന് വല്ലതും നമുക്ക് ശരിയായി വന്നുകിട്ടിയാല്‍ നാം അതുപ്രകാരം പറയും. ഇല്ലാത്ത പക്ഷം നാം നില്‍ക്കുന്നിടത്ത് നില്ക്കുകയും ചെയ്യും. امنا به كل من عند ربنا (നാം അതില്‍ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കല്‍നിന്നുള്ളതാണ്) എന്ന് നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുമില്ല. അവര്‍ ഭിന്നിക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍, രേഖാമൂലം വല്ലവര്‍ക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാല്‍ അയാളത് പിന്‍പറ്റേണ്ടതാണ്. ഇല്ലെങ്കില്‍ കാര്യം വ്യക്തമാവുന്നതുവരെ മൗനമായി നിലകൊള്ളുകയാണ് വേണ്ടത്’. ചില വസ്തുതകള്‍ ഇവിടെ ഓര്‍മിക്കുന്നത് പ്രയോജനകരമായിരിക്കും. യാതൊരു അര്‍ത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ഖുർആനില്‍ ഇല്ലെന്നും, ഉണ്ടാകാവതല്ലെന്നും തീര്‍ച്ചതന്നെ. പക്ഷേ, എല്ലാവര്‍ക്കും പൊതുവില്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന് സൂ: ആലുഇംറാന്‍ 7-ാം വചനത്തില്‍വെച്ചു കാണാവുന്നതാണ് متشا به (പരസ്പര സാദൃശ്യമുള്ളത് – അഥവാ തിരിച്ചറിയുവാന്‍ കഴിയാത്തത്) എന്നാണ് അതിന് അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്. ഇതിനപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു സഹായിച്ചാല്‍ ആലുഇംറാനില്‍വെച്ചും ചില വിവരങ്ങള്‍ കാണാവുന്നതാണ് إن شاء الله ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീഥ് ഇതാണ്: ‘അല്ലാഹുവിന്‍റെ കിതാബില്‍നിന്ന് ആരെങ്കിലും ഒരു അക്ഷരം ഓതിയാല്‍ അവന് അതിനൊരു നന്മയുണ്ട്. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതുമാണ്. ‘അലിഫ്-ലാം-മീം’ എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. ‘അലിഫ്’ ഒരക്ഷരം ‘ലാം’ ഒരക്ഷരം. ‘മീം’ ഒരക്ഷരം, ഹാകിം, തിര്‍മദീ, ബസ്സാര്‍, ദാരിമീ (رحمهم الله) എന്നിവരും ബുഖാരി (رحمه الله) അദ്ദേഹത്തിന്‍റെ ‘താരീഖിലും ഇബ്‌നുമസ്ഊദ് (رضي الله عنه) ല്‍ നിന്ന് ഉദ്ധരിച്ചതാണ് ഈ ഹദീഥ്. ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താല്‍പര്യം എന്താണെന്ന് പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും ഖുർആന്‍ അര്‍ത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നന്‍മയുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. വിശദവിവരത്തിന് മുഖവുര നോക്കുക. ( ذَٰلِكَ الْكِتَابُ ആ ഗ്രന്ഥം) എന്നു പറഞ്ഞത് ഖുർആനെ ഉദ്ദേശിച്ചു തന്നെ. ഒരു വസ്തു സമീപത്ത് സ്ഥിതി ചെയ്യുമ്പോള്‍ അതിലേക്ക് ചുണ്ടിക്കാണിക്കുവാന്‍ സാധാരണ നിലയില്‍ ھذا (ഇത്, ഈ) എന്നും മറ്റുമാണ് അറബിയില്‍ ഉപയോഗിക്കപ്പെടാറുള്ളത്. ചിലപ്പോള്‍, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്‍റെ മഹത്വമോ, ഉന്നത പദവിയോ സൂചിപ്പിച്ചുകൊണ്ട് തല്‍സ്ഥാനത്ത ذلك (അത്, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചാണ് ഇവിടെയും ആ സൂചനാനാമം ഉപയോഗിച്ചിരിക്കുന്നത്. ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം. ഖുർആനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രണ്ടു കാര്യങ്ങളാണ് അല്ലാഹു പ്രസ്താവിക്കുന്നത്. (1) അതില്‍ സന്ദേഹമേ ഇല്ല. (2) അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാണ്. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങള്‍ തുടര്‍ന്നു വിവരിക്കുകയും ആ ഗുണങ്ങളോടുകൂടിയവരാണ് സന്മാര്‍ഗികളും വിജയികളുമെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. رَيْبْ (റയ്ബ്) എന്ന വാക്കിന് സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അര്‍ത്ഥം വരും. ആദ്യത്തെ അര്‍ത്ഥമാണ് ഇവിടെ. ഖുർആന്‍റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ ലക്ഷ്യ ദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തിന് പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാര്‍ത്ഥ്യങ്ങളാകുന്നു എന്നത്രെ لارَيْبَ ۛ فِيه (അതില്‍ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം. പക്ഷേ, അത് സത്യസമ്പൂര്‍ണവും സുവ്യക്തവുമായ ഒരു ഗ്രന്ഥമാണെന്നതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും അതിന്‍റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുകയില്ല; അതിന്‍റെ മാര്‍ഗദര്‍ശനം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ അതുകൊണ്ട് പ്രയോജനമുള്ളൂവെന്നാണ് هُدً ى لِلْمُتَّقِين (സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. هُدَى ، هِدَايَة (ഹുദാ, ഹിദായത്ത്) എന്നീ പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് സൂ:ഫാതിഹഃയില്‍ വിവരിച്ചുവല്ലോ. مُتَّقِين (മുത്തക്വീന്‍) എന്ന വാക്കിനാണ് ‘സൂക്ഷ്മത പാലിക്കുന്നവര്‍’ എന്ന് അര്‍ത്ഥം കല്‍പിച്ചത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് അവന്റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തന്മാര്‍ എന്നാണ് ആ വാക്കുകൊണ്ടു വിവക്ഷ. ഈ സൂക്ഷ്മതയാകുന്ന ഭയഭക്തിക്കാണ് تَقْوَى (തക്വ്‌വാ) എന്ന് പറയുന്നത്. ഈ വാക്കിന്‍റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ ഖുർആന്‍ വ്യാഖ്യാതാക്കളുടെ വാചകങ്ങള്‍ വ്യത്യസ്തങ്ങളായി കണ്ടെക്കുമെങ്കിലും ഈ ആശയത്തില്‍ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്. സൂക്ഷ്മത പാലിക്കുന്നവര്‍ക്കേ ഖുർആന്‍റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുകയുള്ളൂവെന്നുള്ളതിന്‍റെ കാരണം മറ്റൊരു സ്ഥലത്ത് അല്ലാഹു ചൂണ്ടിക്കാട്ടുന്നു: قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى – فصلت (സാരം: പറയുക: അത്-ഖുർആന്‍-വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനവും ശമനവും- ആശ്വാസപ്രദവും-ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ, അവരുടെ കാതുകളില്‍ ഒരു തരം കട്ടിയുണ്ടായിരിക്കും. അത് അവര്‍ക്ക് ഒരു അന്ധതയുമായിരിക്കും. (41: 44) വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ ഖുർആന്‍ കേള്‍ക്കുമ്പോഴൊക്കെ അവരുടെ നിഷേധം വര്‍ദ്ധിക്കുകയാണ് ഉണ്ടാകുക. അങ്ങനെ, അതവര്‍ക്ക് കൂടുതല്‍ ദോഷകരമായി കലാശിക്കുകയുംചെയ്യും. അല്ലാഹുപറയുന്നു: وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا (സാരം: സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായുള്ളതിനെ ഖുർആനിലുടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (17:82) സൂക്ഷ്മത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. ഇവയാണത്:- 1) يؤمنون بالغيب (അവര്‍ അദൃശ്യ കാര്യത്തില്‍ വിശ്വസിക്കുന്നവരാണ്) ഒരുകാര്യം സത്യമെന്ന് സമ്മതിക്കുന്നതിന് ഭാഷയില്‍ إِيمَانْ (ഈമാന്‍) എന്ന് പറയുന്നു. الذين آمنوا وعملوا الصالحات (വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍) എന്നിങ്ങനെ വിശ്വാസവും പ്രവൃത്തിയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പ്രസ്താവന കളില്‍ ഈ അര്‍ത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാല്‍, സത്യം സമ്മതിക്കുകയും അതിന് വഴങ്ങുകയും ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് ഖുർആനിലും, ഇസ്‌ലാമിക സാഹിത്യങ്ങളിലും ‘ഈമാനും’ അതില്‍നിന്നുല്‍ഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്. ഈ അര്‍ത്ഥപ്രകാരം മനസ്സുകൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സാക്ഷാല്‍കൃതമാക്കുകയും ചെയ്യുക എന്നായിരിക്കും വിവക്ഷ. അതുകൊണ്ടാണ് സല്‍ക്കര്‍മങ്ങള്‍വഴി ഈമാന്‍ വര്‍ദ്ധിക്കുകയും, ദുഷ്‌ക്കര്‍മങ്ങള്‍ വഴി ഈമാന്‍ കുറയുകയും ചെയ്യുമെന്ന് ഇമാം ശാഫിഈ, അഹ്മദ്, ബുഖാരീ (رحمه الله) തുടങ്ങിയ മുന്‍ഗാമികളായ എത്രയോ മഹാന്‍മാര്‍ പറയുന്നതും. പല ഖുർആന്‍ വാക്യങ്ങളും നബിവചനങ്ങളും ഇതിന് തെളിവായി ഇമാം ബുഖാരീ (رحمه الله) അദ്ദേഹത്തിന്‍റെ ‘സ്വഹീഹില്‍’ ഉദ്ധരിച്ചിട്ടുമുണ്ട്. غَيْبْ (ഗയ്ബ്) എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞകാര്യം’ എന്നാണ് വാക്കര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ത്ഥപ്രകാരം ‘ഗയ്ബാ’കുന്നു. ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി حَافِظَاتٌ لِلْغَيْبِ എന്ന് (4:34ല്‍) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്‍റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ക്വബ്‌റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ, ആന്തരേന്ദ്രിയങ്ങള്‍വഴിയോ, അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ടു മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു. മുത്തക്വികളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം ‘ഗയ്ബി’ല്‍ വിശ്വസിക്കലാണെന്ന് അല്ലാഹു പറഞ്ഞത് വളരെ ശ്രദ്ധേയമാകുന്നു. നേരില്‍കണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധികൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടുപിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവര്‍ക്ക് ഖുർആന്‍ മുഖേനയോ, വേദഗ്രന്ഥങ്ങള്‍ മുഖേനയോ മാര്‍ഗദര്‍ശനം ലഭിക്കുവാന്‍ പോകുന്നില്ല. ഇങ്ങനെയുള്ളവരെക്കുറിച്ചാണ് മതനിഷേധികള്‍, നിര്‍മതവാദികള്‍ എന്നും മറ്റും പറയുന്നത്. എല്ലാം തങ്ങള്‍ക്കറിയാമെന്ന അഹംഭാവവും, മര്‍ക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങള്‍ പുരോഗമനാശയക്കാരാണ്, അദൃശ്യത്തില്‍ വിശ്വസിക്കുന്നത് കേവലം പഴഞ്ചനും അപരിഷ്‌കൃതവുമാണ് എന്നൊക്കെയായിരിക്കും ഇവരുടെ ജല്‍പനം. എന്നിരിക്കെ, ഇവരോട് പരലോകം, പുനരുത്ഥാനം, സ്വര്‍ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട് ഫലമില്ലല്ലോ. അതാണ് ഖുർആന്റെ മാര്‍ഗദര്‍ശനം ഇവര്‍ക്ക് പ്രയോജനപ്പെടാതിരിക്കുവാന്‍ കാരണം. ‘ഗയ്ബി’നെ (അദൃശ്യകാര്യത്തെ) സാക്ഷാല്‍ ‘ഗയ്ബ്’ എന്നും ആപേക്ഷികമായ ‘ഗയ്ബ്’ എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ ‘ഗയ്ബാ’കുന്നു. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ ‘ഗയ്ബി’ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട ‘ഗയ്ബാ’ണ്. ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്രഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ ‘ഗയ്ബ്’ എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം. (2, 3) وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَا هم يُنْفِقُونَ (അവര്‍ നമസ്‌കാരം നിലനിറുത്തുകയും, നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചിലവഴിക്കുകയും ചെയ്യും). ഭാഷയില്‍ ‘പ്രാര്‍ത്ഥന’ എന്നര്‍ത്ഥമുള്ള വാക്കാണ് صَلاَةْ (സ്വലാത്ത്). തക്ബീര്‍ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്‌ലാമിക നമസ്‌കാരകര്‍മമാണ് അതുകൊണ്ട് വിവക്ഷ. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂര്‍ത്തിയാക്കിക്കൊണ്ട് സമയം തെറ്റാതെ നിര്‍വ്വഹിക്കുക എന്നത്രെ നമസ്‌കാരം നിലനിറുത്തല്‍ കൊണ്ടുദ്ദേശ്യം. നാം നല്‍കിയതില്‍ നിന്ന് ചിലവഴിക്കുക എന്നു പറഞ്ഞതിന്‍റെ താല്പര്യം ഇസ്‌ലാമിലെ നിര്‍ബന്ധദാനമായ സക്കാത്തും, സക്കാത്തിനു പുറമെ നിര്‍വ്വഹിക്കുവാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധര്‍മങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ വേറെയും ഐഛിക നമസ്‌കാരങ്ങളും, നിര്‍ബന്ധമായ ദാനധര്‍മങ്ങള്‍ക്കു പുറമെ വേറെയും ദാനധര്‍മങ്ങളും നിര്‍വ്വഹിക്കുവാന്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് ശരിയാണ്. പക്ഷേ, മുത്തക്വികളുടെ അനിവാര്യഗുണങ്ങളെ വിവരിക്കുന്ന സന്ദര്‍ഭമായത് കൊണ്ടത്രെ നിര്‍ബന്ധമായ നമസ്‌കാരങ്ങളും ദാന ധര്‍മങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത്. മനുഷ്യന് അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളില്‍ വളരെ പ്രധാനപ്പെട്ടതാണ് നമസ്‌കാരകര്‍മം. ദാനധര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവര്‍ മുത്തക്വികളില്‍ ഉള്‍പ്പെടുകയില്ലെന്നും, അവര്‍ക്ക് ഖുർആന്‍റെ മാര്‍ഗദര്‍ശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നു. ധനത്തില്‍നിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നല്‍കിയതില്‍നിന്നു ചിലവഴിക്കുക ( مِمَّا رَزَقْنَا هم يُنْفِقُونَ ) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. വളരെ അര്‍ത്ഥവത്തായ ഒരു വാക്കാണിത്. ഖുർആനില്‍ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം. ധനം സമ്പാദിക്കുന്നത് ഭൂമിയില്‍ നിന്നുള്ള ഉല്‍പാദനവും പ്രയത്‌നവും വഴിയാണല്ലോ. ഭൂമിക്ക് ഉല്‍പാദനശക്തി നല്‍കിയതും, അതില്‍ നിന്ന് ഉല്‍പന്നങ്ങളുണ്ടാക്കുന്നതും, അത് പ്രയോജനപ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്. മനുഷ്യന് യത്‌നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നല്‍കുന്നതും അല്ലാഹു തന്നെ. ഒരു വിഷയത്തില്‍ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു പേര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണില്‍ ഒരേ സ്വഭാവത്തില്‍ നടത്തപ്പെട്ട രണ്ടു കൃഷികളില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം പരിശ്രമിച്ചതിന്‍റെ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കുകയില്ല. ഒരിക്കല്‍ ആയിരക്കണക്കിനു മെച്ചം കിട്ടിയ അതേ സ്ഥാനത്ത് മറ്റൊരിക്കല്‍ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോള്‍, ഭൂമിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്‍റെ സ്വഭാവമോ അനുസരിച്ചു മാത്രമല്ല വിഭവങ്ങള്‍ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ് എല്ലാം കണക്കാക്കുന്നതും നല്‍കുന്നതുമെന്നും സ്പഷ്ടമാണ്. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങള്‍ ലഭിക്കുന്നത് അവന്‍ തന്നെ കണക്കാക്കിയിരിക്കുന്ന മാര്‍ഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങനെ, അല്ലാഹു നല്‍കിയതാണ് മനുഷ്യന്‍റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതില്‍ നിന്നു ചിലവഴിക്കുവാന്‍ മനുഷ്യന്‍ എന്തിന് മടിക്കണം? അല്ലാഹു നല്‍കിയതില്‍ നിന്ന് അവന്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളില്‍ ചിലവഴിച്ചാല്‍ അവന്‍-ഒന്നല്ലെങ്കില്‍ മറ്റൊന്ന്-ഇന്നല്ലെങ്കില്‍ നാളെ-പകരം നല്‍കിയേക്കും. എന്നിങ്ങനെയുള്ള സൂചനകള്‍ ഈ പ്രയോഗത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. (4) والذين يُؤْمِنُونَ بِمَا أنُزِلَ إِلَيْكَ وَمَا أنُزِلَ مِنْ قَبْلِكَ (നിനക്ക് ഇറക്കപ്പെട്ടതിലും നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്, നബി (ﷺ) ക്ക് ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തില്‍ പ്രത്യേകമായും മുന്‍ പ്രവാചകന്‍മാര്‍ക്ക് അവതരിക്കപ്പെട്ടിട്ടുള്ള തൗറാത്ത്, ഇന്‍ജീല്‍ മുതലായ വേദഗ്രന്ഥങ്ങളില്‍ പൊതുവായും വിശ്വസിക്കുമെന്ന് സാരം. എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തിരുന്നത് ഇസ്‌ലാം തന്നെ. إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ (നിശ്ചയമായും മതം അല്ലാഹുവിന്‍റെ അടുക്കല്‍ ഇസ്‌ലാമാകുന്നു (3: 19). പ്രാവര്‍ത്തികവും അനുഷ്ഠാനപരവുമായ രീതിയില്‍ കാലോചിതമായ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നുമാത്രം. لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളില്‍ എല്ലാവര്‍ക്കും തന്നെ ഒരോ നടപടിക്രമവും തുറന്ന മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. (5: 48) എന്നിരിക്കെ, ഏതെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത് ഫലത്തില്‍ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ഖുർആന്‍ അതിന്‍റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്. ( مصدقا لما بين يديه ) എന്ന് ഖുർആനില്‍ പലപ്പോഴും കാണാവുന്നതിന്‍റെ അര്‍ത്ഥം ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാഉ് 150-152 മുതലായ വചനങ്ങളിലും കൂടുതല്‍ വിശദീകരണം കാണാവുന്നതാണ്). യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ ചില പ്രത്യേക നബിമാരില്‍ വിശ്വസിക്കുകയും, മറ്റുള്ളവരില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരാണ്. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്‌റാഹീം നബി(عليه السلام) യുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകന്‍മാരുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. അപ്പോള്‍, വേദക്കാരില്‍നിന്ന് ഇസ്‌ലാമില്‍ വരുന്നവരെ സംബന്ധിച്ചേടത്തോളം അവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വിശ്വസിച്ചിരുന്നതിന് പുറമെ, നബി (ﷺ) തിരുമേനിയിലും ഖുർആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്: അറബികളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചേടത്തോളം അവര്‍ ഖുർആനും നബി (ﷺ) യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസിക്കേതുണ്ട്. അതുകൊണ്ടാണ് വേദക്കാരില്‍നിന്ന് വിശ്വസിക്കുന്നവരെപ്പറ്റി أُولَٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ (അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ രണ്ടു പ്രാവശ്യം നല്‍കപ്പെടും (28: 54) എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി (ﷺ) പറയുന്നു: ‘മൂന്നു കൂട്ടര്‍ക്ക് അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നല്‍കുന്നതാണ്. തന്‍റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടുള്ള കടമയും നിര്‍വ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക് നന്നായി മര്യാദ പഠിപ്പിച്ചശേഷം അവളെ സ്വതന്ത്രയാക്കി വിവാഹം കഴിച്ചവനുമാണ് ആ മൂന്നു കൂട്ടര്‍’ (ബു. മു.). വേദക്കാരില്‍ നിന്ന് മുസ്‌ലിമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്‌ലിംകളെക്കാളും-അവര്‍ എത്ര ഉന്നത പദവിയിലുള്ളവരായിരുന്നാലും-ശ്രേഷ്ഠതയുളളവരായിരിക്കുമെന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. ഒരു വിഷയത്തില്‍- പ്രവാചകന്‍മാരിലുള്ള വിശ്വാസത്തില്‍- രണ്ടു നിലക്കുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നേ അതിനര്‍ത്ഥമുള്ളൂ. വിശ്വാസ ദാര്‍ഢ്യംകൊണ്ടും, സല്‍ക്കര്‍മങ്ങളുടെ ആധിക്യം കൊണ്ടും മറ്റുള്ളവര്‍ക്ക് അവരെക്കാള്‍ പ്രതിഫലം ലഭിക്കുമെന്നുള്ളതിനു ഇത് എതിരല്ല. മുന്‍വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുകയെന്നത് കൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇന്‍ജീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല . കാരണം, മാറ്റത്തിരുത്തലുകള്‍ക്കോ, ഏറ്റക്കുറവുകള്‍ക്കോ വിധേയമാകാതെ-ഖുർആന്‍ അവതരിക്കുന്നകാലത്തും അതിനു ശേഷവും-അവയൊന്നും അവയുടെ സാക്ഷാല്‍ രൂപത്തില്‍ നിലവിലില്ല. ആകയാല്‍ മൊത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം. മുന്‍ വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും. 1. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രസ്താവനകളോട് യോജിക്കുന്നത്. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിര്‍ബന്ധമാകുന്നു. 2. അവ രണ്ടിനോടും എതിരായത്. ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കാതിരിക്കലും നിര്‍ബന്ധമാണ്. 3. രണ്ടു മല്ലാത്തത്. ഈ വിഭാഗത്തെക്കുറിച്ചാണ് നബി ഇപ്രകാരം പറഞ്ഞത്: ‘വേദക്കാര്‍ നിങ്ങളോട് വര്‍ത്തമാനം പറഞ്ഞാല്‍ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. എങ്കിലും ഇങ്ങിനെ പറഞ്ഞുകൊള്ളുക: ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; (ബു.). وبالآخرة هم يوقنون (പരലോകത്തില്‍ അവര്‍ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തില്‍ ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്ന് പറഞ്ഞതില്‍ ഉള്‍പ്പെടുന്നതാണ്, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസം ദൃഢമാകുമ്പോള്‍ മാത്രമെ ഈ ഭൗതിക ജീവിതത്തിന് ശേഷം വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ വിശ്വാസമുണ്ടാവുകയുള്ളൂ. അനശ്വരമായതും എല്ലാ നന്മ തിന്മകള്‍ക്കും കൃത്യവും കണിശവുമായി പ്രതിഫലം നല്‍കപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെവെച്ചു സര്‍വ്വ നിയന്താവായ അല്ലാഹുവിന്‍റെ മുമ്പില്‍ സകല ചെയ്തികളും കണക്കുബോധിപ്പിക്കേണ്ടി വരുമെന്നുമുള്ള പരിപൂര്‍ണ വിശ്വാസവും ഉറപ്പുമാണ് മനുഷ്യന്‍റെ സന്മാര്‍ഗബോധത്തിനുള്ള ഏകനിദാനം. ഇസ്‌ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം. അഥവാ മനുഷ്യന്‍റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, താന്‍ എവിടെനിന്നു വന്നു, എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്‍റെ വിശദാംശങ്ങളോ അനിവാര്യ വശങ്ങളോ ആയിരിക്കും. അതുകൊണ്ടാണ് വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ഖുർആനില്‍, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയാറുള്ളതും. ഈ അഞ്ചു ഗുണവിശേഷണങ്ങളോടു കൂടിയവരാണ് മുത്തക്വികള്‍ (സൂക്ഷ്മത പാലിക്കുന്നവര്‍) എന്നു പറഞ്ഞശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന് വിവരിക്കുന്നു: أولئك على هدى من ربهم (അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നുള്ള സന്മാര്‍ഗത്തിലായിരിക്കും) അതെ, അല്ലാഹു നിര്‍ദ്ദേശിച്ചതും, അവന്‍ തൃപ്തിപ്പെട്ടതും, അവന്‍ അനുഗ്രഹിച്ചതുമായ യഥാര്‍ത്ഥ സന്മാര്‍ഗം ഏതാണോ ആ മാര്‍ഗം അംഗീകരിച്ചവരും അതില്‍ ചരിക്കുന്നവരുമാണവര്‍. ഐഹിക ജീവിതത്തില്‍ വെച്ച് ഒരാള്‍ക്ക് ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാന്‍ എന്തുണ്ട്?! ഈ വാക്യത്തിന് മലയാളഭാഷാശൈലിക്കനുസരിച്ച് ‘അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നുള്ള സന്‍മാര്‍ഗത്തിലായിരിക്കും’ എന്നാണ് നാം വിവര്‍ത്തനം നല്‍കിയതെങ്കിലും, പദങ്ങളുടെ അര്‍ത്ഥം നേര്‍ക്കുനേരെ നോക്കുന്നപക്ഷം ‘അവര്‍ തങ്ങളുടെ റബ്ബില്‍നിന്നുള്ള സന്മാര്‍ഗത്തിന്മേലാണ് സ്ഥിതിചെയ്യുന്നത് ‘ എന്നത്രെ പറയേണ്ടത്. ഈ പ്രയോഗത്തിലടങ്ങിയ സൂചന ഖുർആന്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ഇവരെ സംബന്ധിച്ചിടത്തോളം സന്മാര്‍ഗം കേവലം ഒരു വാഹനവൂം, അവര്‍ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹനക്കാര്‍ക്കും അവര്‍ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത് പോലെ, ഇവര്‍ക്കുമുണ്ട് ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തില്‍ പറയുന്നപക്ഷം, സന്മാര്‍ഗം അവരില്‍ വെച്ചുകെട്ടുകയോ അടിച്ചേല്‍പ്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്. അവരുടെ രക്ഷിതാവ് അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത ആ സന്മാര്‍ഗജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്’ ഇതാണാസൂചന. അവര്‍ സന്മാര്‍ഗത്തിലാണ്, സന്മാര്‍ഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്. ശരി, എന്നാല്‍ അതുകൊണ്ട് അവര്‍ക്ക് എന്തു നേട്ടമാണ് ലഭിക്കുവാനുള്ളത്? അല്ലാഹു പറയുന്നു: اولئك هم المفلحون (അവര്‍തന്നെയാണ് വിജയികളും) അതെ, ഏതില്‍നിന്നെല്ലാം രക്ഷ കിട്ടുവാന്‍ അവര്‍ സൂക്ഷിച്ചു വന്നിരുന്നുവോ, അതില്‍ നിന്നെല്ലാം അവര്‍ക്ക് രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങള്‍ സിദ്ധിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവര്‍ക്ക് സിദ്ധിക്കുകയും ചെയ്യുന്നു. പരത്തില്‍ മാത്രമല്ല, ഇഹത്തിലും വിജയികളാണവര്‍. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തില്‍ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാന്‍ അവര്‍ക്കേ കഴിയൂ. എങ്കിലും, അതല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി അല്ലാഹുവിന്റെ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തില്‍ ആ ലക്ഷ്യത്തില്‍ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ പ്രതിഫലങ്ങള്‍ നിറവേറ്റിത്തരപ്പെടുന്നത് ക്വിയാമത്തു നാളില്‍ മാത്രമാകുന്നു. അപ്പോള്‍, ആര്‍ നരകത്തില്‍നിന്ന് അകറ്റപ്പെടുകയും. സ്വര്‍ഗത്തില്‍ പ്രവേശിക്കെപ്പടുകയും ചെയ്തുവോ അവര്‍ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല’.(ആലു ഇംറാന്‍: 185) ‘അല്ലാഹുവിങ്കല്‍ നിന്നുമുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതുതന്നെയാണ് വമ്പിച്ച ഭാഗ്യം’. (തൗബ: 72). ഖുർആന്റെ മാര്‍ഗദര്‍ശനങ്ങള്‍ ഫലപ്രദമായിത്തീരുന്ന മുത്തക്വികളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ച് പറയുന്നു:-
إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ  ﴿٦﴾
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു سَوَاء = സമമാണ്‌ عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ ءأَنذَرْتَهُمْ = നീ അവരെ താക്കിത് ചെയ്തുവോ, أَم = അല്ലെങ്കില്‍ لَمْ تُنذِرْهُمْ = നീ അവരെ താക്കീത് ചെയ്തില്ലയോ, لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുകയില്ല
നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.